2010, മേയ് 11, ചൊവ്വാഴ്ച

ആസക്തിയുടെ പതിനെഴുകള്‍




എനിക്കറിയാം ഈ രാത്രിയും അയാള്‍ വരുമെന്ന് ആസക്തിയുടെ കടിഞ്ഞാണുകള്‍
പൊട്ടിച്ച് അയാളുടെ പദചലനങ്ങള്‍ സമുദ്രത്തിന്റെ ഇരന്വല്‍ പോലെ എന്റെ
കാതുകളില്‍ വന്നലക്കുന്നു. പൂച്ചയെ പോലെ പതുങ്ങിപ്പതുങ്ങി എന്റെ മുറിയുടെ
വാതിക്കല്‍ അയാള്‍ നില്‍ക്കുന്നുണ്ടാവം.....ഇങ്ങനെയുള്ള അവസ്ഥകളിലാണ്
ദീപന്‍ ഞാന്‍ നിങ്ങളെയോര്‍ത്ത് ഏറെ സങ്കടപ്പെടാറ്. ഞാനിവിടെ വെറും കിടക്ക
മാത്രമാവുന്നു. ഉഷ്മളമായ ഒരാലിംഗനത്തിനു പോലും സാധ്യതയില്ലാത്ത ബലാത്സംഗം
മാത്രമാണ് ഈ മുറിയില്‍ എന്നും നടക്കുന്നത്.ഇടക്കൊക്കെ ഞാനും സ്വാതന്ത്രത്തെ
കുറിച്ച് ചിന്തിക്കാറുണ്ട് ഈ മുറികളിലെ തടിച്ചുരുണ്ട തുടകളുള്ള സോഫകളിലും
അമിത ഭാരം കൊണ്ട് വീര്‍ത്ത അലമാരകളിലും ഇടിച്ചു വീഴുന്വോള്‍........
എന്റെ കുട്ടികള്‍ അവര്‍ക്ക് അച്ഛന്‍ ഉണ്ടായിരിക്കണമെങ്കില്‍ ഞാനീ
ബലാത്സംഗത്തിനു സമ്മതിച്ചേ മതിയാവൂ എന്നാണ് അവസ്ഥ.........അയാളുടെ
സമ്മര്‍ദ്ദങ്ങള്‍ ഒരു ദിവസത്തിന്റെ മുഴുവന്‍ അഴുക്കുകള്‍ എല്ലാം
എന്നിലേക്ക് ഒഴുക്കി വിട്ടാലെ അയാള്‍ക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയൂ,
അയാള്‍ക്ക് ഉറങ്ങാനുള്ള വെറും ഒരു ഉറക്കുഗുളികയാണു ഞാന്‍....എവിടെയോ
വായിച്ചിട്ടുണ്ട് മദ്യലഹരിയില്‍ ആസക്തി മൂത്ത ഭര്‍ത്താവിനെ കൊണ്ട് ഒരു
വൈദ്യന്റെ നിര്‍ദ്ദേശ പ്രകാരം കുതിരമൂത്രം കുടിപ്പിച്ച ഭാര്യയെ കുറിച്ച്
തുടരെ തുടരെയുള്ള പ്രസവത്താലും ഭോഗാസക്തി കൊണ്ടും വലഞ്ഞ അവര്‍
സഹികെട്ടായിരുന്നു അങ്ങിനെ ചെയ്തത് എന്നാല്‍ ഭര്‍ത്താവ് കള്ളില്‍ ചേര്‍ത്തു
കൊടുത്ത കുതിരമൂത്രം ഒറ്റയടിക്കു വിഴുങ്ങുകയും പണ്ടത്തേതിലും ആസക്തിയോടെ
അവരെ പ്രാപിക്കാന്‍ തുടങ്ങുകയും ചെയ്തു.

ഈ തടവറയിലാണ് എന്റെ കൌമാരവും, യൌവനവും എരിഞ്ഞു തീര്‍ന്നത്. നീണ്ട പതിനേഴു
വര്‍ഷങ്ങള്‍, ആദ്യത്തെ പതിനേഴില്‍ ലാളനയുടെ തോണി തുഴഞ്ഞ് അചഛനുണ്ട്,
അമ്മയുടെ കരുതലിന്റെ പച്ചപ്പുണ്ട് .എന്നാല്‍ രണ്ടാമത്തെ പതിനേഴില്‍ ജീവിതം
സ്നേഹരാഹിത്യത്താല്‍ വരണ്ട മരുഭൂമിയാണ്..........മരവിക്കുന്ന
തണുപ്പാണ്............
എനിക്കുമേല്‍ ഇരുട്ടു പോലെ അയാള്‍ എപ്പോള്‍ വേണെമെങ്കിലും അടര്‍ന്നു വീഴാം
............ആ നിമിഷങ്ങളെ കാത്തിരിക്കുകയാണ് ഞാന്‍
.................പച്ചപ്പട്ടു സാരിക്കും പാലക്കമാലക്കും വേണ്ടി കല്ല്യാണം
കഴിക്കാമെന്നു സമ്മതിച്ച നിഷ്ക്കളങ്കയായ ഒരു പെണ്‍കുട്ടി എന്നെ നോക്കി വായ
പൊത്തി ചിരിക്കുന്നു.............ആദ്യരാത്രിയില്‍ തന്നെ സംഭോഗത്തിന്റെ
ആയുധങ്ങളുമായി അയാള്‍ നിന്നത്.............ഒടുവില്‍ എന്തു സംഭവിച്ചുവെന്ന്
മനസിലാക്കുന്നതിനു മുന്‍പെ അടര്‍ന്നു മാറീയ തടിച്ചു കൊഴുത്ത ആ
ശരീരം............ഉലഞ്ഞ പട്ടുസാരിയും വാരിപിടിച്ച് നില്‍ക്കുന്വോള്‍ ഞാന്‍
സങ്കടപ്പെടുകയായിരുന്നു............വയറിനു താഴെയായി ആരും കാണാതെ സൂക്ഷിച്ച ആ
കുഞ്ഞു മറുക് അയാള്‍ കണ്ടില്ലല്ലൊയെന്ന്...............ഇന്ന് പതിനേഴു
വര്‍ഷങ്ങള്‍ക്കു ശേഷവും അയാള്‍ കാണാ‍ത്ത മരുഭൂമികളും വസന്തങ്ങളും എന്നെ
പുണരുന്വോള്‍ വലിയൊരു വന്‍ കര പോലെയെന്റെ മനസ്സ് അയാളില്‍ നിന്നും വേറിട്ടു
കിടക്കുന്വോള്‍ ഞാനറിയുന്നു ഞങ്ങള്‍ തമ്മില്‍ ഇതു വരെ
കണ്ടുമുട്ടിയിട്ടേയില്ലെന്ന്.................................എന്റെ ഉടഞ്ഞ
ശരീരത്തിലെ ഈ കാക്കാപുള്ളീ കല്ലു പൊലെയുള്ള വിധിയുടെ മായാത്ത
അടയാളമാണെന്ന്..............